കോഴിക്കോട്: ന്യൂസിലാന്‍ഡില്‍ മുസ്‌ലിം പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെതുടര്‍ന്ന്, മുസ്‌ലിം സമുദായത്തെ ആശ്വസിപ്പിച്ചു ക്രിയാത്മകവും മാതൃകാപരവുമായ നടപടികള്‍ എടുത്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീക്ക ആന്‍ഡേണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ കത്ത് കൈമാറി. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ലേബര്‍ പാര്‍ട്ടി എം.പി ഗ്രെഗ് ഒകോറണ്ണര്‍ ആണ് കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയത്. യു.എ.ഇയിലെ ന്യൂസിലാന്‍ഡ് അംബാസിഡര്‍ മാത്യു ഹോക്കിന്‍സ് മുഖേനയായിരുന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്ത് അയച്ചത്. രാജ്യത്തെ മുസ്‌ലിംകള്‍ വിറങ്ങലിച്ചു നിന്ന സന്ദര്‍ഭത്തില്‍ അവരുടെ കൂടെ നിന്നു ഭീകരാക്രമണത്തിലൂടെ ശത്രുക്കള്‍ ഉന്നം വെച്ച എല്ലാ പദ്ധതികളെയും ഇല്ലാതാക്കിയ ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിന്റെ നടപടികളെ ഗ്രാന്‍ഡ് മുഫ്തി കത്തില്‍ അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയുടെ കത്ത് ലഭിച്ചത് സന്തോഷകരമാണെന്നും, കത്തില്‍ ആവശ്യപ്പെട്ട മെഷീന്‍ ഗണ്‍ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നിയമപരമായി നടപ്പിലാകുന്നുവെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പ്രതികരിച്ചു.