ഇന്ത്യയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാൻഡ് മുഫ്‌തി സാമുദായിക സംഘർഷങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതിൽ ഏറെ വേദനിക്കുന്നയാളാണ്. വൈജ്ഞാനികമായി തലമുറകളെ വികസിപ്പിക്കുകയാണ് ഭിന്നതകൾ അവസാനിപ്പിക്കാനുള്ള വഴിയെന്ന് അദ്ദേഹം കരുതുന്നു. വിദ്യാഭ്യാസത്തിനു കേന്ദ്രസ്ഥാനം നൽകിയാണ് കേരളത്തിലിരുന്ന് ശൈഖ് അബൂബക്കർ അഹ്‌മദ്‌ ഇന്ത്യൻ മുസ്‌ലിംകളുടെ പ്രതിച്ഛായ മാറ്റാൻ ശ്രമിക്കുന്നത്. 80 വയസ്സായ ഈ പണ്ഡിതൻ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനങ്ങളുള്ള ജാമിഅ മർകസ് സ്ഥാപകനാണ്.

കേരളത്തിലെ ചില മർകസ് സ്‌കൂളുകളിൽ പഠിക്കുന്നവരിൽ അൻപത് ശതമാനവും മുസ്‌ലിമേതരരാണ്. ഈ മാതൃക ഇതരസംസ്ഥാനങ്ങളിലും നടപ്പാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശൈഖ് അബൂബക്കർ ഗ്രാൻഡ് മുഫ്‌തിയായി നിയമിതനായത്. ഇന്ത്യയിലെ ഇസ്‌ലാമിക കാര്യങ്ങളിൽ ഫത്‌വകൾ നൽകാനുള്ള ഉയർന്ന പദവിയാണിത്. രാജ്യത്താകെയുള്ള മുഫ്തിമാരെ ഒരുമിപ്പിച്ചു, അവർക്ക് അവബോധം നൽകാനും , സ്ത്രീ പള്ളിപ്രവേശം പോലെയുള്ള കാര്യങ്ങളിൽ നിലപാട് രൂപപ്പെടുത്താനും അദ്ദേഹം ലക്ഷ്യമാക്കുന്നു.

രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കലർത്തുന്നതിനോട് ഈ നേതാവ് വിയോജിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഇന്ത്യയിലെ മതേതരത്വത്തെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അബുദാബിയിൽ നൽകിയ ഗ്രാൻഡ് സ്വീകരണത്തിനിടെ നടത്തിയ ഈ അഭിമുഖത്തിൽ , ശൈഖ് അബൂബക്കർ അഹ്‌മദ്‌ വ്യക്തമാക്കുന്നത്, ഇന്ത്യക്കാർക്കിടയിൽ സാഹോദര്യം പുനഃസ്ഥാപിക്കാൻ അദ്ദേഹം ശക്തമായ ശ്രമങ്ങൾ നടത്തുമെന്നാണ്.

ചോദ്യം: ഗ്രാൻഡ് മുഫ്‌തിയെന്ന നിലയിൽ നിങ്ങളുടെ റോൾ എന്താണ്? എന്തെല്ലാം മാറ്റങ്ങളാണ് താങ്കൾ ആരംഭിക്കാനിരിക്കുന്നത്?

ഉത്തരം: ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ വരുമ്പോൾ ഇന്ത്യയിലെ മുഫ്‌തിമാരെ ഏകോപിപ്പിച്ചു കൂട്ടമായെടുത്ത തീരുമാനം രൂപപ്പെടുത്തും. ഉദാഹരണത്തിന് മുത്തലാഖ് പോലെയൊരു വിഷയം പാർലമെന്റിൽ വരുമ്പോൾ മുഫ്തിമാർക്കിടയിൽ അതുമായി ബന്ധപ്പെട്ടു ചർച്ച സംഘടിപ്പിക്കും. നേരത്തെയുണ്ടായിരുന്ന ഗ്രാൻഡ് മുഫ്‌തി കഴിഞ്ഞവർഷം മരണപ്പെട്ടതിനാൽ അത്തരം ഒരു ചർച്ച ഉണ്ടായിട്ടില്ല. വളരെ പ്രാധാന്യമുള്ള ഫത്‌വകൾ ഗ്രാൻഡ് മുഫ്‌തി പുറപ്പെടുവിക്കുന്നു. ഇന്ത്യൻ നിയമ സംവിധാനത്തിൽ മുസ്ലിംകൾ പിന്തുടരുന്നത് മുസ്‌ലിം വ്യക്തിനിയമമാണ്- അത് സുന്നികൾക്കും ശിയാക്കൾക്കും വെവ്വേറെയാണ്. പാർലമെന്റിൽ ഏതെങ്കിലും മുസ്‌ലിം വിഷയങ്ങൾ ചർച്ചക്ക് വരുമ്പോൾ തീരുമാനമെടുക്കുന്നതിൽ മുഫ്‌തിയുടെ ഫത്‌വ നിർണ്ണായകമാവുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കും. മുസ്‌ലിം സമുദായത്തിൽ ഐക്യവും വിവിധ (സുന്നി)വിഭാഗങ്ങൾക്കിടയിൽ ഹൃദ്യമായ ബന്ധവും കൊണ്ടുവരാൻ ശ്രമിക്കും. രാജ്യത്തെ വികസിപ്പിക്കുന്ന പ്രക്രിയയിൽ മുസ്‌ലിംകളുടെ പങ്കു വലിയരീതിയിൽ ഉണ്ടാവുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നു.

ചോദ്യം: ഇന്ത്യയിലെ സാമുദായിക സംഘർഷങ്ങൾക്ക് കാരണമെന്താണ്? എന്തെല്ലാമാണ് അതിന് പരിഹാരമായി നിർദേശിക്കാനുള്ളത് ?

ഉത്തരം: വിദ്വേഷങ്ങൾക്കും വേർതിരിവുകൾക്കും പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മയാണ്. രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്; കാരണം അത് സമൂഹത്തിൽ വിള്ളലുകളും ചേരിതിരിവും ഉണ്ടാക്കും. മുസ്‌ലിംകൾക്ക് ഒറ്റപ്പെട്ടുനിൽക്കാന് പാടില്ല. എല്ലാ മുഖ്യധാരാ സംഘടനകളുടെയും ഭാഗമാവണം അവർ. തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിൽനിന്ന് മുസ്‌ലിം സ്ഥാനാർത്ഥികളും ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്ന് ഹിന്ദു സ്ഥാനാർത്ഥികളും നിശ്ചയിക്കപെപ്പടുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഒരു മുസ്‌ലിം ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്നും, ഒരു ഹിന്ദു മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ നിന്നും വിജയിക്കുമ്പോഴാണ് മതേതരത്വത്തിന് തിളക്കം കൂടുന്നത്. കേരളത്തിൽ കാണുന്നത് പോലെ, ഇന്ത്യയിലെ എല്ലായിടത്തും എല്ലാ വൈവിധ്യങ്ങളും നിറഞ്ഞുനിൽക്കുമ്പോഴും എല്ലാവർക്കും ഒരുമിച്ചു ജീവിക്കാൻ സാധിക്കണം. സമാധാനവും സൗഹാർദ്ധവും ഇന്ത്യയിൽ വികസിപ്പിക്കുന്നതിൽ വിദ്യഭ്യസത്തിനു പ്രധാന പങ്കുവഹിക്കാനാവും.

ഇന്ത്യയിലെ നേതാക്കൾക്കും യു.എ.ഇ-യുടെ നേതൃത്വത്തിൽ നിന്ന് പഠിക്കാനുള്ളത് എന്തെല്ലാമാണ്?

ഇരുനൂറു രാജ്യങ്ങളിലെ പൗരന്മാർ ഒരുമയോടെ ജീവിക്കുന്ന ഇസ്‌ലാമിക രാജ്യമാണ് യു.എ.ഇ. അവിടെ കുടിയേറി ജീവിക്കുന്ന ഹൈന്ദവവിശ്വാസികളുടെ ആരാധനകൾക്കു പുതിയ അമ്പലം പണിതു നൽകിയത്, യു.എ.ഇ നേതൃത്വം കാണിക്കുന്ന സൗഹൃദത്തിന്റെയും സഹിഷ്‌ണുതയുടെയും മാതൃകയാണ്. സ്‌നേഹവും സമാധാനവും ഇസ്‌ലാം എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ച ആശയങ്ങളാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്; വിശ്വാസത്തിന്റെ കാര്യത്തിൽ ഒരാളെയും നിർബന്ധിപ്പിച്ചു കൊണ്ടുവരരുത് എന്നും, സ്വമേധയാ സ്വീകരിക്കപ്പെടേണ്ട ഒന്നാണതെന്നുമാണ്.

(അറബ് ലോകത്തെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ് ലേഖകന്‍ അശ്വാനി കുമാര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി നടത്തിയ അഭിമുഖത്തിന്റ മലയാള വിവര്‍ത്തനം)