കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസ്‌ലാൻഡിലെ രണ്ടു രണ്ടു മസ്‌ജിദുകളിൽ ഭീകരാക്രമണം നടത്തി അൻപത് വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് മുസ്‌ലിംകളെ ചേർത്തുപിടിക്കുകയും മുൻമാതൃകകൾ ഇല്ലാത്ത വിധത്തിൽ ഭീകരവാദ വിരുദ്ധ നടപടികൾക്ക് ആരംഭം കുറിക്കുകയും ചെയ്‌ത അവിടുത്തെ ഗവണ്മെന്റിന്റെ നടപടികൾ ലോകത്തിനു മാതൃകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ന്യൂസിലാൻഡ് ഭീകരാക്രമണ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് നടത്തിയ സഹിഷ്ണുതാ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പലയിടത്തും വളർന്നുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ നിലപാടുകൾ ലോകത്ത് വിവിധ മതവിശ്വാസികൾക്കും ആശയധാരകൾക്കും ഇടയിൽ നിലനിൽക്കുന്ന സന്തുലിതത്തിനു ഭീഷണിയാണ്. ന്യൂസിലാൻഡ് ഗവൺമെന്റിന്റെ മാതൃകയിൽ അത്തരം ആശയധാരകളെ പ്രതിരോധിക്കപ്പെടണം. ന്യൂസിലാൻഡ് ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മനുഷ്യത്വവും സഹിഷ്ണുതയുമാണ് എല്ലായിടത്തും പ്രചരിക്കപ്പെടേണ്ടത്. വ്യത്യസ്‌ത മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ലഭ്യമാകുമ്പോഴാണ് ബഹുസ്വരത ദൃഢമാകുന്നത്: കാന്തപുരം പറഞ്ഞു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ എല്ലാ പള്ളികളിലും ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക നടത്താൻ ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തിരുന്നു. സംഭവത്തിൽ അനുശോചിച്ചു ന്യൂസിലാൻഡ് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം യു.എ.യിലെ ന്യൂസ്‌ലാൻഡ് അംബാസിഡർ മുഖേന കൈമാറിയിരുന്നതായും കാന്തപുരം അറിയിച്ചു. ഇന്നലെ വൈകുന്നേരം മർകസിലും അനുശോചന സംഗമം നടന്നു.